Sorry, you need to enable JavaScript to visit this website.

വരുമാനമല്ല, ട്രാഫിക് പിഴയുടെ ലക്ഷ്യം; അപകടങ്ങള്‍ കുറയുമെന്ന് സൗദി ട്രാഫിക് മേധാവി

മേജർ ജനറൽ മുഹമ്മദ്  അൽബസ്സാമി

റിയാദ്- ഗതാഗത നിയമത്തിൽ വരുത്തിയ ഭേദഗതികൾ വാഹനാപകടങ്ങൾ വലിയ തോതിൽ കുറക്കാൻ സഹായകമാണെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് മേധാവി മേജർ ജനറൽ മുഹമ്മദ് അൽബസ്സാമി. അപകടങ്ങൾ കുറക്കുന്നതിനാണ് ഭേദഗതികളിലൂടെ ലക്ഷ്യമിടുന്നത്, അല്ലാതെ പിഴയിനത്തിലുള്ള വരുമാനം ഉയർത്തുന്നതിനല്ല. ഗുരുതര വാഹനാപകടങ്ങളുമായി നേരിട്ട് ബന്ധമുള്ളതായി കണ്ടെത്തുന്നവരുടെ ഡ്രൈവിംഗ് രീതിയിൽ മാറ്റമുണ്ടാക്കുന്നതിനാണ് ഗതാഗത നിയമ ഭേദഗതികളിലൂടെ ഉന്നമിടുന്നത്. ഭേദഗതികൾ കർക്കശമായി നടപ്പാക്കുന്നത് നിരുത്തരവാദപരമായി റോഡ് ഉപയോഗിക്കുന്നവർക്ക് ശക്തമായ സന്ദേശം നൽകും. ഡ്രൈവിംഗ് സ്വഭാവത്തിൽ മാറ്റം വരുത്താത്തവർക്ക് തടവും ഉയർന്ന പിഴയും അടക്കമുള്ള ശിക്ഷകൾ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
ഭേദഗതി നടപ്പാക്കുന്നതിന് നീതിന്യായ മന്ത്രാലയം, പബ്ലിക് പ്രോസിക്യൂഷൻ എന്നിവയുമായി സഹകരിച്ച് നിയമാവലി തയാറാക്കുകയും ബന്ധപ്പെട്ട സിസ്റ്റങ്ങളിൽ മാറ്റം വരുത്തുകയും ചെയ്യേണ്ടതുണ്ട്. അതിനു മുമ്പായി ഭേദഗതികളെ കുറിച്ച് പൊതുസമൂഹത്തെ ശക്തമായി ബോധവൽക്കരിക്കും. നിയമാവലി അംഗീകരിച്ചു കഴിഞ്ഞാലുടൻ അവ നടപ്പാക്കുന്ന തീയതി ഔദ്യോഗികമായി പരസ്യപ്പെടുത്തും. പൊതുജന സുരക്ഷക്ക് ഭീഷണിയായ ഗുരുതര നിയമ ലംഘനങ്ങൾ കരുതിക്കൂട്ടി നടത്തി അപകടങ്ങളുണ്ടാക്കുന്നവർക്കും മദ്യ, മയക്കുമരുന്ന് ലഹരിയിൽ വാഹനമോടിച്ച് അപകടങ്ങളുണ്ടാക്കുന്നവർക്കും കൂടുതൽ കടുത്ത ശിക്ഷയാണ് ഭേദഗതിയിൽ വ്യവസ്ഥ ചെയ്യുന്നത്. 
സ്‌കൂൾ ബസുകളിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും വിദ്യാർഥികളുടെ സുരക്ഷയെക്കുറിച്ച് പലർക്കും അറിവില്ലാത്തത് അപകടങ്ങൾക്ക് ഇടയാക്കുന്നു. സ്‌കൂൾ ബസുകളിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും റോഡുകൾ ഉപയോഗിക്കുന്നതിനുള്ള അവകാശത്തിൽ വിദ്യാർഥികൾക്കാണ് മുൻഗണന എന്ന കാര്യം ഭേദഗതി ഉറപ്പു വരുത്തുന്നു. 
കുട്ടികളെ കയറ്റുന്നതിനും ഇറക്കുന്നതിനും നിർത്തുന്ന സ്‌കൂൾ ബസുകൾ മറികടക്കുന്നവർക്കും റെഡ് സിഗ്നൽ കട്ട് ചെയ്യുന്നവർക്കും നിയമത്തിൽ ഒരേ ശിക്ഷയാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. കുട്ടികളെ കയറ്റുകയും ഇറക്കുകയും ചെയ്യുമ്പോൾ സ്‌കൂൾ ബസുകളെ മറികടക്കുന്നവരെ കണ്ടെത്തി ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിന് സ്‌കൂൾ ബസുകളിൽ ക്യാമറ സ്ഥാപിക്കുന്നതിനുള്ള സാധ്യത പഠിക്കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയവുമായി ട്രാഫിക് ഡയറക്ടറേറ്റ് ഏകോപനം നടത്തും. 
സ്‌കൂൾ ബസിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും വിദ്യാർഥികൾക്ക് നേരിടുന്ന അപകടങ്ങളെ കരുതിക്കൂട്ടി നിയമ ലംഘനം നടത്തിയതു മൂലമുള്ള അപകടങ്ങളെ പോലെയും മദ്യ, മയക്കുമരുന്ന് ലഹരിയിൽ ഉണ്ടാക്കിയ അപകടങ്ങളെ പോലെയും കണ്ട് നിയമ ലംഘകർക്ക് കടുത്ത ശിക്ഷകൾ നൽകും. 
വിദ്യാർഥികൾ കയറുമ്പോഴും ഇറങ്ങുമ്പോഴും സ്‌കൂൾ ബസുകളെ മറികടക്കുന്ന വാഹനങ്ങളുടെ ദൃശ്യങ്ങൾ ചിത്രീകരിച്ച് ആപ്പ് വഴി അയച്ചു നൽകി സൗദി പൗരന്മാരും വിദേശികളും ട്രാഫിക് ഡയറക്ടറേറ്റുമായി സഹകരിക്കണം. 
പൊതുജന സുരക്ഷക്ക് ഭീഷണിയായ നിയമ ലംഘനങ്ങൾ ഒരു വർഷത്തിനകം ആവർത്തിക്കുന്നവർക്ക് ഏറ്റവും കടുത്ത ശിക്ഷ ബാധകമാക്കും. ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴ 20,000 റിയാലിലെത്തിയാൽ പിഴ സംഖ്യ മുപ്പതു ദിവസത്തിനകം നിർബന്ധമായും അടച്ചിരിക്കണം. നിയമ ലംഘനങ്ങളുടെ കാര്യത്തിൽ പരാതികളും ആക്ഷേപങ്ങളും നൽകാൻ നിയമ പ്രകാരം മുപ്പതു ദിവസത്തെ സാവകാശമുണ്ടാകും. പിഴ അടക്കുന്നതിന് ആറു മാസം വരെ സമയവും അനുവദിക്കുന്നുണ്ട്. നിയമ ലംഘനം രേഖപ്പെടുത്തിയതിൽ വിയോജിപ്പ് പ്രകടിപ്പിക്കാതിരിക്കുകയോ പ്രത്യേക കോടതി വിയോജിപ്പ് തള്ളുകയോ ചെയ്യുന്ന പക്ഷം, പിഴ തുക അടപ്പിക്കുന്നതിന് ട്രാഫിക് ഡയറക്ടറേറ്റ് നടപടി സ്വീകരിക്കും. 
ലൈസൻസിന് അപേക്ഷിക്കുന്ന, ഡ്രൈവിംഗ് വശമുള്ളവർ ആറു മണിക്കൂറും ഡ്രൈവിംഗ് വശമില്ലാത്തവർ 30 മണിക്കൂറും ഡ്രൈവിംഗ് സ്‌കൂളുകളിൽ പരിശീലനം നേടിയിരിക്കണമെന്നാണ് വ്യവസ്ഥ. നിയമം നവീകരിച്ച ശേഷം പുരുഷന്മാർക്കുള്ള ഡ്രൈവിംഗ് സ്‌കൂളുകളിലും ഈ വ്യവസ്ഥ നടപ്പാക്കും. വിവിധ പ്രവിശ്യകളിൽ നിലവിൽ ഒമ്പതു ലേഡീസ് ഡ്രൈവിംഗ് സ്‌കൂളുകൾ സ്ഥാപിച്ചു വരികയാണ്. 
ലൈസൻസില്ലാത്തവരെ വാഹനം ഓടിക്കുന്നതിന് അനുവദിക്കുന്ന ഉടമകളും വാഹനാപകടം മൂലമുള്ള നഷ്ടപരിഹാരത്തുക വഹിക്കേണ്ടിവരും. ഇതിനു പുറമെ ട്രാഫിക് കോടതി തീരുമാനിക്കുന്ന മറ്റു ശിക്ഷകളും ഇവർ അനുഭവിക്കേണ്ടിവരും. നിയമ ലംഘനങ്ങൾക്കും അപകടങ്ങളുണ്ടാക്കിയതിനും ട്രാഫിക് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങൾ നിശ്ചിത സമയത്തിനകം നിയമാനുസൃത നടപടികൾ പൂർത്തിയാക്കി ഉടമകൾ വിട്ടെടുക്കാത്ത പക്ഷം അവ പൊതുലേലത്തിൽ വിൽക്കുമെന്നും മേജർ ജനറൽ മുഹമ്മദ് അൽബസ്സാമി അറിയിച്ചു. 
 

Latest News