Sorry, you need to enable JavaScript to visit this website.

ക്രമസമാധാനനില തകർക്കാൻ ആർ.എസ്.എസ് നീക്കം-മുഖ്യമന്ത്രി

തിരുവനന്തപുരം- യാഥാസ്ഥിതിക ചിന്തകളെ തിരിച്ചുകൊണ്ടുവരാനും രാജ്യത്തിന്റെ മതനിരപേക്ഷ മൂല്യങ്ങൾ തകർക്കാനുമാണ് ആർ.എസ്.എസ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആർ.എസ്.എസിനൊപ്പം ചേരുന്ന നിലയാണ് കോൺഗ്രസിന്റെതെന്നും പിണറായി ആരോപിച്ചു. എന്നാൽ കേരളത്തിലെ പൊതുസമൂഹം ഇതിനെതിരാണെന്നും ഇവർക്കൊപ്പം സർക്കാറുണ്ടെന്നും പിണറായി പറഞ്ഞു. ശബരിമല സന്നിധാനത്ത്തന്നെ പ്രശ്‌നമുണ്ടാക്കാൻ സംഘ്പരിവാർ ശ്രമിച്ചു. സന്നിധാനത്തിന് അതിന്റെതായ പവിത്രതയുണ്ട്. അത് പരിഗണിക്കാതെ, അക്രമികൾക്ക് അഴിഞ്ഞാടാനുള്ള കേന്ദ്രമായി സന്നിധാനത്തെ മാറ്റാനായിരുന്നു സംഘ്പരിവാർ നീക്കമെന്നും പിണറായി പറഞ്ഞു. സുപ്രീം കോടതി വിധി നടപ്പാക്കാനുള്ളതാണ്. ഭക്തർ വരുമ്പോൾ അതിനാവശ്യമായ ഒരുക്കങ്ങൾ സർക്കാർ നടത്തണം. നേരത്തെ തന്നെ എല്ലാ സംവിധാനങ്ങളും ചെയ്യണം. അത് സർക്കാറിന്റെ ബാധ്യതയാണ്. ക്രമസമാധാന നില തകർക്കാൻ ചിലർ ശ്രമിച്ചുവെന്നത് ശരിയാണ്. അതിനെ സർക്കാർ പ്രതിരോധിച്ചു. ശബരിമലയിൽ ആദ്യത്തെ രണ്ടുദിവസം പോലീസിന് വീഴ്ച്ചപറ്റിയെന്ന അഭിപ്രായം തനിക്കില്ലെന്നും പിണറായി പറഞ്ഞു. ശബരിമല സംഘർഷഭൂമിയാകരുത് എന്ന നിലപാട് തന്നെയാണ് സർക്കാറിനുള്ളത്. സംഘർഷം ലക്ഷ്യമിട്ടെത്തുന്നവർക്ക് ക്യാമ്പ് ചെയ്യാനുള്ള സ്ഥലമായി ശബരിമലയെ മാറ്റരുത്. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാനുള്ള ബാധ്യതയുണ്ട്. ഇതിന് പ്രത്യേകം നിയമസഭ സമ്മേളനം വിളിക്കേണ്ട കാര്യമില്ല. വർഗീയ ശക്തികളുടെ കൂടെനിൽക്കുന്നത് ആരാണെന്ന് കേരളം കണ്ടുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആർക്കാണ് ഭക്തിയുള്ളത് എന്ന് തിരഞ്ഞുനോക്കാനാകില്ല. രൂപവും ഭാവവും കണ്ട് അയ്യപ്പ ഭക്തനെ തീരുമാനിക്കാനാകില്ല. ശബരിമലയിലേക്ക് പോകുമെന്ന് പ്രഖ്യാപിച്ചവരുടെ വീട് അക്രമിച്ചവർക്കെതിരെ ശക്തമായ നടപടികളുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

Latest News