Sorry, you need to enable JavaScript to visit this website.

പോലീസ് സ്‌റ്റേഷനില്‍ അമ്മയേയും മകളേയും നഗ്നരാക്കി മര്‍ദിച്ചു; നടപടിയുമായി കമ്മീഷന്‍

ന്യൂദല്‍ഹി- പ്രായമായ സ്ത്രീയേയും മകളേയും നഗ്‌നരാക്കി മര്‍ദിച്ച സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഛത്തീസ്ഗഡ് പോലീസ് മേധാവിക്ക് നോട്ടീസയച്ചു. ബിലാസ്പുരിലെ പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ 14 നാണ് വിവാദ സംഭവം. മോഷണക്കുറ്റം ആരോപിച്ചാണ് പുരുഷ പോലീസുകാരുടെ മുന്നില്‍ വെച്ച് സ്ത്രീയേയും മകളേയും നഗ്നരാക്കി മര്‍ദിച്ചത്. സംഭവത്തില്‍ വിശദീകരണമാവശ്യപ്പെട്ടാണ് പോലീസ് മേധാവിക്ക് കമ്മിഷന്‍ നോട്ടീസയച്ചത്.
അറുപതുകാരിയായ സ്ത്രീയേയും ഇരുപത്തേഴുകാരിയായ മകളേയും പോലീസുദ്യോഗസ്ഥ ക്രൂരമായി മര്‍ദിച്ചുവെന്നാണ് കമ്മിഷന്റെ റിപ്പോര്‍ട്ട്. ഇരുവര്‍ക്കും ശരീരത്തിന്റെ മിക്ക ഭാഗങ്ങളിലും ഗുരുതര പരിക്കേറ്റിട്ടുണ്ട്. രോഗിയായ സ്ത്രീ ആവശ്യപ്പെട്ടിട്ടും ചികിത്സ നല്‍കിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പോലീസ് ഉദ്യോഗസ്ഥക്കെതിരെ സ്വീകരിച്ച നടപടികളെ കുറിച്ച് നാലാഴ്ചക്കകം മറുപടി നല്‍കാനാണ് കമ്മിഷന്‍ ഡി.ജി..പിയോട് ആവശ്യപ്പെട്ടത്. പ്രാകൃതവും മനുഷ്യത്വരഹിതവുമാണ് ഉദ്യോഗസ്ഥയുടെ പ്രവൃത്തി എന്ന് കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു.
കഴിഞ്ഞ 17 ന് ഇരുവരേയും കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് മര്‍ദന വിവരം പുറംലോകമറിഞ്ഞത്.  സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി ഈ മാസം 26 ന് റിപ്പോര്‍ട്ട് നല്‍കണമെന്ന് ബിലാസ്പുര്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനു ശേഷം മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു.

Latest News