Sorry, you need to enable JavaScript to visit this website.

പിറന്നാൾ സാഫല്യത്തിൽ വി.എസ് 

  • വി.എസ് എന്ന രണ്ടക്ഷരം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പോരാട്ട വീര്യത്തിന്റെ ചോരയോട്ടമാണ്. 

ജനപക്ഷ പ്രത്യയശാസ്ത്രത്തിന്റെ ആഴവും ഗാംഭീര്യവും കണിശതയുമാണ് വി.എസ്. യാതനകൾ, കൊടിയ മർദനങ്ങൾ, വേട്ടയാടലുകൾ, സമര മുഖങ്ങൾ. ആ ജീവിതം ഇപ്പോഴും സമര ഭരിതമാണ്. വിഎസ് കേരള ചരിത്രത്തിലെ, വർത്തമാന കാലത്തേയും ഇടിമുഴക്കമാണ്.
വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ. കേരള രാഷ്ടീയത്തിൽ പടർന്നു പന്തലിച്ചുനിൽക്കുന്ന വലിയ വടവൃക്ഷം. കേരള മനഃസാക്ഷിക്ക് വിഎസ് നീതിബോധത്തിന്റെ ആൾരൂപമാണ്, തളരാത്ത സമര വീര്യത്തിന്റെയും. സാധാരണക്കാർക്കിടയിൽ മാർക്‌സിസ്റ്റ് പാർട്ടിയേക്കാൾ വലിയ 'ശരി 'യായി ബിംബവൽക്കരിക്കപ്പെട്ട ആ ജനനായകന് 96 ന്റെ പടിവാതിൽക്കൽ.
'കണ്ണേ കരളേ വിഎസേ..
ഞങ്ങടെ ചങ്കിലെ റോസാപ്പൂവേ....
പോരാട്ടത്തിൻ പോർവീഥികളിൽ
മുന്നിൽ നിന്ന് നയിച്ച സഖാവേ..
ഞങ്ങടെ ചങ്കിലെ വീരസഖാവേ
നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ'..  
കേരളത്തിന്റെ തെരുവോരങ്ങളെ പല കുറി ആവേശക്കടലാക്കിയ ഈ മുദ്രാവാക്യം വി.എസ് എന്ന രണ്ടക്ഷരത്തെ ജനഹൃദയങ്ങളോട് അത്ര മേൽ ചേർത്തു നിർത്തുന്നു.
1923 ഒക്ടോബർ 20 ന് ആലപ്പുഴ ജില്ലയിലെ പുന്നപ്രയിൽ ഒരു ദരിദ്ര കുടുംബത്തിൽ ജനിച്ച വിഎസ് സ്വന്തം വിധിയോട് തന്നെ പോരാടിയാണ് ബാല്യകൗമാരങ്ങൾ അതിജീവിച്ചത്. നന്നേ ചെറുപ്പത്തിൽ തന്നെ അനാഥനായ ആ ബാലൻ ഏഴാം ക്ലാസിൽ പഠനമുപേക്ഷിച്ച് ജീവിതത്തിന്റെ വെയിലുച്ചയിലേക്ക് ഇറങ്ങി നടക്കുകയായിരുന്നു. ഉപജീവനത്തിനായി ജൗളിക്കടയിൽ ജോലി ചെയ്യേണ്ടി വന്ന കൗമാരക്കാരനിൽ നിന്ന് കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിലേക്ക് വരെ എത്തിയ ആ യാത്രയിൽ, താണ്ടേണ്ടി വന്നത് അത്രയേറെ ചെങ്കനൽ വഴികളായിരുന്നു. ഇടയിൽ  ഉദ്വേഗവും നാടകീയതയും മുറ്റിയ എത്രയോ മുഹൂർത്തങ്ങൾ. 1996 ൽ മാരാരിക്കുളത്തേറ്റ അപ്രതീക്ഷിത പരാജയം അത്തരത്തിൽ മാർക്‌സിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിൽ വിഭാഗീയതയുടെ ഉണങ്ങാത്ത മുറിവായി രേഖപ്പെട്ട് കിടപ്പുണ്ട്. ആ പരാജയം വിഎസിന് നഷ്ടപ്പെടുത്തിയത് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്കസേരയായിരുന്നു.
91 ലും 2001 ലും വിഎസ് ജയിച്ചപ്പോൾ പാർട്ടി തോറ്റു. പാർട്ടി ജയിക്കുമ്പോൾ തോൽക്കുകയും പാർട്ടി തോൽക്കുമ്പോൾ ജയിക്കുകയും ചെയ്യുന്ന നിർഭാഗ്യവാനായ നേതാവ് എന്നും വിഎസ് പരിഹസിക്കപ്പെട്ടു. 2006 ൽ പാർട്ടി വിഎസിന് സീറ്റ് നിഷേധിച്ചപ്പോൾ പ്രതിഷേധിച്ച് തെരുവിലിറങ്ങിയ ആയിരങ്ങൾ പാർട്ടി പ്രവർത്തകരും അനുഭാവികളും മാത്രമായിരുന്നില്ല, സാധാരണക്കാരുമായിരുന്നു. 
ഒടുവിൽ പാർട്ടി ജനവികാരത്തിന് മുൻപിൽ, വിഎസിന് മുൻപിലും മുട്ടുമടക്കി. വിഎസ് മത്സരിച്ച് ജയിച്ച് കേരളത്തിന്റെ ഇരുപതാമത് മുഖ്യമന്ത്രിയായി. പാർട്ടിയുടെ സ്ഥാപക നേതാവ് തൊട്ടടുത്ത വർഷം പോളിറ്റ് ബ്യൂറോയിൽ നിന്ന് പുറത്തു പോകേണ്ടി വന്നതിനും ചരിത്രം സാക്ഷിയായി. വിഭാഗീയതയുടെ പേരിലുള്ള ഈ പുറത്താകൽ കാലത്തിന്റെ കാവ്യനീതിയാണ് എന്ന് വിലയിരുത്തിയവരും കുറവല്ല. വി.എസ് വിതച്ചത് കൊയ്തുവെന്ന് പാർട്ടിക്കാർ പോലും രഹസ്യമായും പരസ്യമായും പറഞ്ഞു. 2011 ൽ വി.എസിന് ജനവികാരം വീണ്ടും തുണയായി. തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കാൻ വി.എസ് നിയോഗിക്കപ്പെട്ടു. കേവലം രണ്ട് സീറ്റിന്റെ മാത്രം വ്യത്യാസത്തിൽ ഭരണത്തുടർച്ച എന്ന വലിയ സാധ്യത നഷ്ടപ്പെടുത്തിയതിന് പിന്നിലും പാർട്ടിയിലെ വിഭാഗീയ അടിയൊഴുക്കുകളാണെന്ന് വിലയിരുത്തപ്പെടുന്നു. എങ്കിലും ആ ഇഞ്ചോടിഞ്ച് പോരാട്ടം വിഎസിന്റെ ജനസമ്മിതിക്കുള്ള അംഗീകാരമാണെന്ന് പാർട്ടിയിലെ എതിരാളികൾക്കു പോലും സമ്മതിക്കേണ്ടിവരും.
ആ പോരാട്ട വഴികൾ പിന്നീടും അതിനാടകീയമായ മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ചു. പുന്നപ്ര വയലാറിന്റെ പോരാട്ട ഭൂമികയിൽ 2015 ൽ പാർട്ടിയുടെ സംസ്ഥാന സമ്മേളനത്തിൽ നിന്ന് വിഎസിന് അപമാനിതനായി ഇറങ്ങിപ്പോകേണ്ടിവന്നതും ചരിത്രം. തനിക്കെതിരായ പാർട്ടി വിചാരണ സഹിക്ക വയ്യാതെ മനം നൊന്താണ് വിഎസ് സമ്മേളന വേദി വിട്ടുപോയത്. അങ്ങനെ സ്മരണകളുറങ്ങുന്ന രണ സ്മാരകങ്ങളുടെ മണ്ണിൽ കാലം വിഎസിനോട് വീണ്ടും കണക്കു തീർത്തു.
1964 ൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ നാഷണൽ കൗൺസിലിൽ നിന്ന് ഇറങ്ങി വന്ന് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) രൂപീകരിച്ച 32 പേരിൽ ജീവിച്ചിരിക്കുന്ന പോരാളിക്കാണ് 50 വർഷങ്ങൾക്കിപ്പുറം പാർട്ടി സമ്മേളനത്തിൽ നിന്ന് അപമാനിതനായി ഇറങ്ങിപ്പോകേണ്ടി വന്നത്. കാലം കണക്ക് ചോദിക്കുമ്പോഴും കാലമുരുളുമ്പോഴും ജനകീയ സമര മുഖങ്ങളിൽ പതറാത്ത പോരാളിയായി വിഎസ് ചരിത്രത്തിനും മുൻപേ നടക്കുകയാണ്.
സമര പോരാട്ടങ്ങളുടെ ഒരു പാട് മുൾപാതകൾ നടന്നു തീർത്തിട്ടുണ്ട് ആ ജീവിതം ... അപമാനങ്ങളും തിരസ്‌കാരങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്. നിശ്ചയ ദാർഢ്യം ധാർഷ്ട്യമായും ആദർശനിഷ്ഠ ധിക്കാരമായും ശരിപക്ഷത്തെ ഇളകാത്ത നിൽപ് താൻപോരിമയായും ചിലപ്പോഴെങ്കിലും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്.
എങ്കിലും എല്ലാറ്റിനുമൊടുവിൽ വിഎസ് ആയിരുന്നു ശരി എന്നൊരു അടിക്കുറിപ്പിലാണ് കാലം വിഎസി നു മാർക്ക് നൽകിയത്.
വി.എസ് ഒരിക്കലും ഒരു പ്രാഗ്മാറ്റിക് കമ്യൂണിസ്റ്റ് ആയിരുന്നില്ല. വോട്ട് ബാങ്കുകളെ തഴഞ്ഞ് ശബ്ദമില്ലാത്തവരുടെ ശബ്ദമായി വിഎസ് നില കൊണ്ടിട്ടുണ്ട്. പാർട്ടിയുടെ പ്രഖ്യാപിത ലൈനിൽ നിന്നുള്ള വ്യതിചലനമായി പോലും നിലപാടുകൾ മാറിയിട്ടുമുണ്ട്. അകത്തും പുറത്തും ഒരുപോലെ ഒരേ സമയം പൊരുതുക എന്നത് ഒരിക്കലും വിഎസിനെ പോലൊരാളെ തളർത്തിയിട്ടില്ല എന്നത് പകൽ പോലെ വ്യക്തമാണ് ....
അതുകൊണ്ടാണ് പോരാട്ടം, ആദർശം, ശരിപക്ഷം, ജനനായകൻ എന്നിങ്ങനെ ഒരുപാട് പര്യായ പദങ്ങൾ വിഎസ് എന്ന വാക്കിനുണ്ടായത്.
ലക്ഷോപലക്ഷം ജനഹൃദയങ്ങളിൽ വിഎസ് ഇന്നും എന്നും തളരാത്ത പോരാട്ട വീര്യത്തിന്റെ ജ്വലിക്കുന്ന രണ്ടക്ഷരമാണ്.

Latest News