Sorry, you need to enable JavaScript to visit this website.

ടി.സാലിമിന് മലയാളം ന്യൂസിന്റെ യാത്രയയപ്പ് 

ടി. സാലിമിന് സഹപ്രവർത്തകർ യാത്രയയപ്പ് നൽകിയപ്പോൾ

ജിദ്ദ- പത്തൊമ്പത് വർഷത്തെ പ്രവാ സ ജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന മലയാളം ന്യൂസ് സ്‌പോർട്‌സ് എഡിറ്റർ ടി. സാലിമിന് സഹപ്രവർത്തക ർ യാത്രയയപ്പ് നൽകി. ഫ്‌ളമിംഗോ മാൾ ബാർബിക്യുവിൽ നടന്ന ചടങ്ങിൽ ഇതോടൊപ്പം ഉർദു ന്യൂസ് ന്യൂസ് എഡിറ്റർ പാ ക്കിസ്ഥാൻ കറാച്ചി സ്വദേശി അബ്‌സാർ സെയ്ദിനും യാത്രയയപ്പ് നൽകി. എഡിറ്റർ ഇൻ ചീഫ് താരിഖ് മിശ്ഖസ് നേതൃത്വം നൽകി. കാൽനൂറ്റാണ്ടു കാലത്തോളമായി പത്രപ്രവർത്തന രംഗത്തുള്ള കണ്ണൂർ സിറ്റി സ്വദേശിയായ ടി. സാലിം സ്‌പോർട്‌സ് എഡിറ്റർ ചുമതല വഹിച്ചിരുന്നതിനൊപ്പം ശാസ്ത്ര, രാഷ്ട്രീയ ലേഖനങ്ങളും എഴുതിയിരുന്നു. ഫിസിക്‌സിൽ ബിരുദാനന്തര ബിരുദവും ബി.എഡും കഴിഞ്ഞ ശേഷം 1994ൽ മാധ്യമത്തിൽ സബ് എഡിറ്ററായാണ് ജോലിയിൽ പ്രവേശിച്ചത്. പിന്നീട് സർക്കാർ സർവീസിൽ ചേർന്നെങ്കിലും ഏറെക്കാലം അവധിയെടുത്തും തുടർന്ന് ജോലി രാജിവെച്ചും പത്രപ്രവർത്തന രംഗത്ത് തുടരുകയായിരുന്നു. 1999 ഏപ്രിൽ 16ന് മലയാളം ന്യൂസ് അരംഭിച്ചതു മുതൽ പത്രാധിപ സമിതിയിൽ അംഗമായി സ്‌പോർട്‌സ് പേജിന്റെ ചുമതല വഹിച്ചു വരികയായിരുന്നു. മലയാളം ന്യൂസിനു വേണ്ടി ഏഷ്യൻ ഗെയിംസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നാട്ടിൽനിന്നുകൊണ്ട് മലയാളം ന്യൂസുമായുള്ള സഹകരണം തുടരും. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച 'ലോംഗ് പാസ്' എന്ന സ്‌പോർട്‌സ് ഗ്രന്ഥത്തിന്റെ കർത്താവാണ്. ഈ പുസ്തകത്തിന് ഗൾഫ് ഇന്ത്യൻ മീഡിയ ഫോറം അവാർഡ് ലഭിച്ചു. ഭാര്യ: ഷമീന. മക്കൾ: നവീദ് ഉമർ, നിദാൽ സെയ്ൻ, നയ്‌ല മറിയം, നസിൽ റഹ്മാൻ.


കറാച്ചിയിൽ ഉർദു ന്യൂസ് ബ്യൂറോയുടെ ചുമതല ഏറ്റെടുത്താണ് അബ്‌സാർ സെയ്ദ് നാട്ടിലേക്കു മടങ്ങുന്നത്. മൂന്നര പതിറ്റാണ്ടിലേറെ കാലത്തെ പത്ര പ്രവർത്തന പരിചയമുള്ള ഇദ്ദേഹം പാക്കിസ്ഥാനിൽ പത്രപ്രവർത്തകനായി ജോലി ചെയ്തു കൊണ്ടിരിക്കെയാണ് 24 വർഷം മുൻപ് ഉർദു ന്യൂസിലെത്തിയത്. 
സാലിമിനും അബ്‌സാറിനും ഇരു പത്രങ്ങളുടെയും എഡിറ്റർ ഇൻ ചീഫ് താരിഖ് മിശ്ഖസ് മെമന്റോ സമ്മാനിച്ചു. മുസാഫിർ, ഡോ.ലായിഖുള്ള, അലാവുദ്ദീൻ ആദം സയിദ്, അഹമ്മദ് അൽ സെയിദ്, യൂസഫ് ഗുലാം തുടങ്ങിയവർ ആശംസകൾ നേർന്നു. മലയാളം ന്യൂസിലെയും ഉർദു ന്യൂസിലെയും പത്രാധിപ സമിതി അംഗങ്ങൾ സംബന്ധിച്ചു. 

Latest News