Sorry, you need to enable JavaScript to visit this website.

ജിദ്ദയിൽ 41 വർഷം എയർപോർട്ട് ജീവിതം;  ഹൈദറിന്റെ പ്രവാസത്തിന് സേഫ് ലാന്റിംഗ് 

ജിദ്ദ- ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ജോൺ മേജർ, ഇറാഖ് പ്രസിഡന്റായിരുന്ന സദ്ദാം ഹുസൈൻ, ഫലസ്തീൻ വിമോചന നേതാവ് യാസർ അറഫാത്ത്, ബ്രൂണെയ് സുൽത്താൻ ഹസൻ അൽ ബുലൂഖിയ എന്നിവരുൾപ്പെടെയുള്ള ലോക നേതാക്കളെ കാണാനും അവരുമായി ഹസ്തദാനം ചെയ്യാനും ഭാഗ്യം ലഭിച്ച അപൂർവം ഇന്ത്യക്കാരിലൊരാളാണ് മലപ്പുറം പെരിന്തൽമണ്ണയിലെ കണ്ണൻതൊടി വീട്ടിലെ കെ.ടി ഹൈദർ. ജിദ്ദ കിംഗ് അബ്ദുൽ അസീസ് വിമാനത്താവളത്തിന്റെ ടർമാകിൽ വി.വി.ഐ.പികളെ സ്വീകരിക്കുമ്പോൾ കുവൈത്ത് എയർവേയ്‌സിന്റെ കാർഗോ സൂപ്രണ്ടായ ഹൈദറിനും അവിടെ പരിഗണന ലഭിച്ചിരുന്നത് എയർപോർട്ട് ഡയറക്ടറുടേയും ചാർട്ടേഡ് വിമാനങ്ങൾ കൈകാര്യം ചെയ്യുന്ന ജെറ്റ് ഏവിയേഷൻ മേധാവികളുടേയും മറ്റും സ്വാധീനത്തിന്റെ കൂടി ബലത്തിലായിരുന്നു. സ്വകാര്യ ജെറ്റ് വിമാനങ്ങളിൽ ലോകനേതാക്കളുടെ വരവിനോടനുബന്ധിച്ചുള്ള സജ്ജീകരണങ്ങളിൽ എയർപോർട്ട് ഉദ്യോഗസ്ഥർക്കൊപ്പം ആദ്യ കാലത്ത് പങ്കാളിയാകാൻ സാധിച്ചത് കൊണ്ടാണ് ഈ സുവർണാവസരം ലഭിച്ചതെന്ന് 1977 മുതൽ 2018 വരെ എയർപോർട്ടിൽ സേവനമനുഷ്ഠിച്ച് ഈ ഒക്‌ടോബറിൽ, നാലു പതിറ്റാണ്ടിലേറെയുള്ള ദീർഘവും അനുഭവ സമ്പന്നവുമായ പ്രവാസത്തിന് വിരാമമിട്ട ഹൈദർ മലയാളം ന്യൂസിനോട് പറഞ്ഞു. 
പ്രവാസത്തിലേക്കുള്ള ടേക്ക് ഓഫിനു മുമ്പ് ഫുട്‌ബോളിന്റേയും പോർട്ട് ട്രസ്റ്റ് ഉദ്യോഗത്തിന്റേയുമൊരു ഭൂതകാലവുമുണ്ട് ഹൈദറിന്. അന്തർ സർവകലാശാലാ ഫുട്‌ബോൾ ടൂർണമെന്റിൽ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ആദ്യ കിരീടം നേടിയ വർഷം ആ ടീമിന്റെ വലത് വിംഗിലെ പ്രതിരോധ നിരയിലെ കരുത്തനായിരുന്നു അന്ന് മണ്ണാർക്കാട് എം.ഇ.എസ് കോളേജ് വിദ്യാർഥിയായിരുന്ന ഹൈദർ. കളി മികവിന്റെ കെയറോഫിലാണ് കൊച്ചി പോർട്ട് ട്രസ്റ്റിൽ ക്ലാർക്കായി ജോലി കിട്ടിയത്. ഒന്നര വർഷം കളിയും ജോലിയുമായി കഴിയുന്നതിനിടെ ജിദ്ദയിലുള്ള അടുത്ത ബന്ധുവും മദീനാ യൂനിവേഴ്‌സിറ്റി പൂർവ വിദ്യാർഥിയുമായ അബ്ദുൽ അസീസ് പൂന്താനം (പട്ടിക്കാട്) ഹൈദറിനെ ജിദ്ദയിലേക്ക് ക്ഷണിച്ചു. ഹജ് വിസയിലാണ് 1977 ൽ ഇവിടെ കപ്പലിറങ്ങിയത്. ഒപ്പം ബന്ധുവായ മലപ്പുറം അരിപ്രയിലെ ഹൈദറലിയുമുണ്ടായിരുന്നു. സൗദിയിലെ ഇന്ത്യൻ അംബാസഡറായിരുന്ന ടി.ടി.പി അബ്ദുല്ലയുടെ സഹോദരൻ ടി.ടി.പി മഹ്മൂദും എം.വി അക്ബർ എന്ന കപ്പലിൽ ഏഴു നാൾ നീണ്ടുനിന്ന യാത്രയിലുണ്ടായിരുന്നു. പോർട്ട് ട്രസ്റ്റിൽ നിന്ന് അവധിയെടുത്താണ് ഹൈദർ വന്നത്. ഹജ് നിർവഹിച്ച ശേഷം എയർപോർട്ടിൽ തന്നെ അബ്ദുൽ അസീസിന്റെ ശുപാർശയിൽ ജോലി കിട്ടി. അദ്ദേഹം അപ്പോൾ സുഡാൻ എയർവേയ്‌സിൽ ഉയർന്ന തസ്തികയിലെത്തിയിരുന്നു.
സൗദി ടൂറിസ്റ്റ് ആന്റ് ട്രാവൽ ബ്യൂറോയുടെ ഓഫീസിൽ ടെലക്‌സ് ഓപ്പറേറ്ററായിട്ടായിരുന്നു നിയമനം. ഇതോടെ പോർട്ട് ട്രസ്റ്റിലേക്ക് രാജി അയച്ചു. ഷറഫിയയിലെ പഴയ എയർപോർട്ടിൽ ജോലി. ഷറഫിയയിൽ തന്നെ താമസം. ജോലി സ്ഥലത്തേക്ക് നടക്കാവുന്ന ദൂരം. ശമ്പളം 2400 റിയാൽ (അന്നത്തെ 1000 രൂപയ്ക്ക് വേണ്ടത് 420 റിയാൽ!) ഹജ് ഓപ്പറേഷനായിരുന്നു പ്രധാനമായും ചെയ്യാനുണ്ടായിരുന്നത്. ഏറെ താൽപര്യത്തോടെയും ആത്മാർഥതയോടെയും ജോലി ചെയ്യാനായിയെന്ന് ഹൈദർ ഓർക്കുന്നു. അക്കൊല്ലമാണ് 'ഫോർട്ടിഫോർ വിസ' കിട്ടിയത്. 1977 ൽ ഹജിനെത്തിയവർക്ക് ഇവിടെ നിമയപരമായി തുടരാനുള്ള ഖാലിദ് രാജാവിന്റെ ഉദാരമായ പാരിതോഷികമായിരുന്നു ഫോർട്ടിഫോർ വിസ. 1979 ൽ നാട്ടിൽ പോയ ഹൈദർ വിസയടിച്ചാണ് വീണ്ടും ജിദ്ദയിലേക്ക് എത്തിയത്. രണ്ടു വർഷം കഴിഞ്ഞുള്ള ആദ്യത്തെ ആ അവധിക്കാലത്ത് വണ്ടൂർ ചെറുകോട് സ്വദേശി സാജിദയെ വിവാഹം കഴിച്ചു. തിരിച്ചെത്തി പ്രമുഖ ട്രാവൽ കമ്പനിയായ അത്താർ ട്രാവൽസിന്റെ ഫ്‌ളൈറ്റ് ഓപ്പറേഷൻസിൽ ഡ്യൂട്ടി ഓഫീസറായി ജോലിക്ക് കയറി. തീർത്തും വ്യത്യസ്തവും അനുഭവധന്യവുമായിരുന്നു ആ കാലം. ഇക്കാലത്താണ് സൗദി സന്ദർശിക്കാനെത്തിയ അതിവിശിഷ്ട വ്യക്തികളെ കണ്ടുമുട്ടാനും കൈ കൊടുക്കാനും സാധിച്ചത്. പിന്നീട് കുടുംബത്തെ ഇങ്ങോട്ടു കൊണ്ടുവന്നു.
എയർ ഇന്ത്യയുൾപ്പെടെയുള്ള നിരവധി പ്രധാന എയർലൈൻ സർവീസ് ഹാൻഡ്‌ലിംഗ് ഏജൻസിയായിരുന്നു അത്താർ ട്രാവൽസ്. ഇതിനിടെ എയർലൈൻ ട്രാഫിക് പരിശീലനത്തിനായി ലണ്ടനിലും കോപ്പൻഹേഗനിലും ഏതൻസിലും പോയി. 1995 ലാണ് കുവൈത്ത് എയർവേയ്‌സിന്റെ കാർഗോ വിഭാഗത്തിലേക്ക് മാറുന്നത്. അത്താറിലെ ജോലി വൈഭവം കണ്ടറിഞ്ഞ കുവൈത്ത് എയർവേയ്‌സ് മേധാവികളാണ് തന്നെ ഉയർന്ന പദവിയിൽ നിയമിച്ചതെന്ന് ഹൈദർ നന്ദിപൂർവം ഓർക്കുന്നു. റീജനൽ മാനേജർ മിശാൽ അൽ ദൽഖ്, മുത്തലഖ് അൽ ഒതൈബി എന്നീ കുവൈത്തി മേധാവികളെ മറക്കാനാവില്ല. പല തവണ പ്രവാസം അവസാനിപ്പിക്കാനൊരുങ്ങുമ്പോഴും ഇവരുടെ സ്‌നേഹപൂർവമായ നിർബന്ധമാണ് തന്നെ ഇത്രയും കാലം എയർപോർട്ട് ജോലിയിൽ പിടിച്ചു നിർത്തിയതെന്നും ഹൈദർ പറയുന്നു. 
സിഫ് ഫുട്‌ബോൾ കൂട്ടായ്മയുമായി സഹകരിച്ചിരുന്ന ഹൈദർ വെറ്ററൻസ് ടീമുകൾക്ക് വേണ്ടി ജഴ്‌സി അണിയാറുണ്ട്. ജിദ്ദ എം.ഇ.എസ് ചാപ്റ്ററിന്റെ ജോയിന്റ് സെക്രട്ടറിയുമാണ്. 
മകൾ അസ്മാ ഷെറിൻ (സിന്ധു) ജിദ്ദയിലുണ്ട്. ഭർത്താവ് റോഷൻ മുസ്തഫ, ജിദ്ദ കേരള എൻജിനീയേഴ്‌സ് ഫോറം സാരഥിയാണ്. മറ്റു മക്കൾ: ഡോ.നാജിൻ (ജിസാൻ), ഡോ.ഷെറിൽ, ഡോ.ഫർസാനാ ബീവി. ഇന്ത്യ-പാക് യുദ്ധത്തിനിടെ ജാംനഗറിൽ വെച്ച് വീരചരമം പ്രാപിച്ച വ്യോമ സൈനികൻ കെ.ടി ഹംസ, ഹൈദറിന്റെ സഹോദരനാണ്. 
നാൽപത്തൊന്ന് വർഷത്തെ പ്രവാസത്തിനു വിരാമമിട്ട് മടക്കയാത്രക്കൊരുങ്ങുമ്പോൾ ജിദ്ദാ ജീവിതവും എയർപോർട്ട് ജോലിയും ഇത്രയും സൗഭാഗ്യം നിറഞ്ഞതാക്കിത്തന്നതിന്  
അല്ലാഹുവിനെ സ്തുതിക്കുന്നുവെന്ന് ഹൈദർ പറഞ്ഞു. ഇത്രയും നീണ്ട കാലം വിമാനങ്ങളുടെ ഇരമ്പം കാതിൽ വന്നലക്കുന്നത് കേട്ട് ജീവിച്ച തനിക്ക് ഇനി അതില്ലാതെ കഴിയേണ്ടി വരുമെന്നത് സന്തോഷമല്ല, ശൂന്യതയോടൊപ്പം നഷ്ടബോധവും ദുഃഖം നിറഞ്ഞ ഗൃഹാതുരത്വവുമാണ് പകർന്നു തരികയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.   

Latest News